Thursday, February 4, 2010

വിദ്യാഭ്യാസസുരക്ഷാസമിതി : വികലസങ്കല്പങ്ങളുടെ സംഗമവേദി

ഒരു പഴയ ലേഖനം

ഈയുള്ളവനിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അക്കാലത്ത്- 1990 ഡിസംബർ 28-ന് - വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിച്ച് ഈയുള്ളവന്റേതായി ദേശാഭിമാനി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം സൂക്ഷിച്ചുവച്ചിരുന്നത് ഈയിടെ വീണ്ടും കയ്യിൽ കിട്ടി. കമ്പ്യൂട്ടർ പഠിയ്ക്കാൻ വന്ന ഒരു കുട്ടിയ്ക്ക് യൂണിക്കോഡ് ഫോണ്ട് ടൈപ്പ് ചെയ്ത് പഠിയ്ക്കാൻ കൊടുത്തത് ആ ലേഖനമാണ്. അതു ടൈപ്പു ചെയ്തത് ചുമ്മാ ഒരു കൌതുകത്തിന് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ അക്കാലത്ത് പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സുരക്ഷാസമിതി എന്ന സംഘടനയ്ക്കെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആ ലേഖനം എഴുതിയത്. ഒരു ഫയലായി അതിവിടെ കിടന്നുകൊള്ളട്ടെ!

വിദ്യാഭ്യാസസുരക്ഷാസമിതി : വികലസങ്കല്പങ്ങളുടെ സംഗമവേദി

കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകന്മാർ അംഗങ്ങളായ വിദ്യാഭ്യാസ സുരക്ഷാസമിതിക്ക് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച് വികലമായ സങ്കല്പങ്ങളാണുള്ളതെന്ന് അവരുടെ വിലയിരുത്തലുകൾ സ്പഷ്ടമാക്കുന്നു. രാഷ്ട്രീയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണവരുടെ കണ്ടുപിടിത്തം. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കുന്നുവെങ്കിൽ അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന അബദ്ധധാരണയാണ് സമിതിക്കുള്ളത്. വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥി സംഘടകളുടെ തലയിൽ കെട്ടിവെക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചുകളി മാത്രമാണ്.ഉച്ചക്കഞ്ഞി സമ്പ്രദായം വ്യാപകമായതോടെ പ്രൈമറി സ്കൂളുകളിലെ ഹാജർ നിലവാരം ഉയർന്നതായി നാം മനസിലാക്കി. ഇതിനു മുമ്പ് പ്രൈമറി വിദ്യാർഥികൾ കൃത്യമായി സ്കൂളുകളിലെത്താഞ്ഞതും വിദ്യാർഥി സംഘടനകളുടെ കുറ്റമാണോ ?

വിദ്യാർത്ഥി സംഘടനകൾ നിലകൊള്ളുന്നത് വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല.വിദ്യാഭ്യാസ പുരോഗതിയെ തടസപ്പെടുത്താനുമല്ല. മറിച്ച് വിദ്യാഭ്യാസപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഭാഗഭാക്കാകാനും വിദ്യാർഥികളുടെ ആവശ്യങ്ങൾനേടാനും അവകാശങ്ങൾ സംരഷിക്കാനുമാണ്.ഇതിന് വിപരീതമായി എപ്പോഴെങ്കിലും ഏതെങ്കിലും വിദ്യാർഥി സംഘടനകൾ നിലകൊണ്ടിട്ടുണ്ടെങ്കിൽ,നിലകൊള്ളുന്നുവെങ്കിൽ അവ പരിശോധിക്കപ്പെടണം, എതിർക്കപ്പെടണം. വിവിധ രൂപങ്ങളിലുള്ള സംഘടാപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സമൂഹവുമായും സാമൂഹ്യ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്താനും അവരിൽ നല്ലൊരു ഭാഗത്തെ പൊതുധാരയിലേക്ക് കൊണ്ടുവരാനും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് ആർക്കും തള്ളികളയാനാവില്ല.

നിലവിലുള്ള സാമൂഹിക ചുറ്റുപാടുകളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി സമൂഹത്തിൽ സമരം അനിവാര്യമാണ്.എന്നാൽ വിദ്യാർത്ഥി സമരങ്ങളെ പൊതുവെ അനാവശ്യ സമരങ്ങളെന്നു പറയുന്ന സമരവിരോധികൾ എന്താണാവശ്യമെന്നും അനാവശ്യമെന്നും കൂടി വിശദീകരിക്കുവാൻ ബാധ്യസ്ഥരാണ്.നാളിതുവരെ കേരളത്തിൽ പല വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ സമരങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ഏതെല്ലാം ആവശ്യങ്ങളായിരുന്നുവെന്നും ഏതെല്ലാം അനാവശ്യങ്ങളായിരുന്നുവെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതിക്കാർ വിശദീകരിക്കാൻ തയ്യാറായാൽ അത് വിദ്യാർത്ഥികൾക്ക് മാ‍ർഗദർശകമാകും. ഉദാഹരണത്തിന് പ്രീഡിഗ്രി ബോർഡുസമരവും പോളിടെക്നിക്ക് സമരവുമെല്ലാം അനാവശ്യസമരങ്ങളുടെ പട്ടികയിലാണോ പെടുത്തേണ്ടത് ? പാഠപുസ്തകം കിട്ടാൻ താമസിക്കുമ്പോൾ, അതിന് വില കൂടുമ്പോൾ സമരം ചെയ്യുന്നത് അനാവശ്യമാണോ? ബസ്സ് ചാർജ് വർദ്ധനയിൽ പ്രതിഷേധിക്കുന്നത് അനാവശ്യമാണോ? കോഴക്കും മറ്റഴിമതികൾക്കുമെതിരെ സമരം ചെയ്യുന്നത് അനാവശ്യമാണോ?രക്ഷാകർത്തക്കളെയും ബഹുജനങ്ങളെയും ആകെ അണിനിരത്തി സമരം ചെയ്ത പാരമ്പര്യവും വിദ്യാർത്ഥികൾക്കുണ്ട്. അതുകൊണ്ട് രക്ഷാകർത്താകളെല്ലാംവിദ്യാർത്ഥി സമരത്തേയും രാഷ്ട്രീയത്തേയും കണ്ണുമടച്ച് എതിർക്കുന്നവരാണെന്ന ധാരണയുടെ ബലമാണ് സുരക്ഷാ സമിതിക്കുള്ളതെങ്കിൽ അത് തെറ്റാണ്. വിദ്യാർഥികൾ വെറും പുസ്തകപ്പുഴുക്കളാകരുത്. പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കണം

പിന്നെ സംഘട്ടനങ്ങളുടെ കാര്യമാണ്. വിദ്യാലയ സമാധാനം കാംക്ഷിക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ വിദ്യാർത്ഥി സംഘട്ടനങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും അവക്ക് പരിഹാരം കാണാനുമുള്ള ആത്മാർത്ഥവും പ്രായോഗികവുമായ പരിശ്രമങ്ങൾ ഉണ്ടാകുകയും വേണം. പലപ്പോഴും സംഘട്ടനങ്ങളുടെ കാരണം രാഷ്ട്രീയമല്ല, വിദ്യാർഥികൾ തമ്മിലുള്ള ഒറ്റപ്പെട്ട പ്രശ്നങ്ങൾ അവരുടെ രാഷ്ട്രീയ ചേരികളുടെ അടിസ്ഥാനത്തിൽ ചേരി തിരിഞ്ഞ സംഘട്ടനങ്ങൾക്ക് കാരണമാവുകയാണ് ചെയ്യുന്നത്. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കിയാൽ ‘രാഷ്ട്രീയസംഘട്ടനം’ മാത്രമേ ഒഴിവാകൂ.വിദ്യാർത്ഥി സംഘട്ടനം ആവർത്തിക്കപ്പെടാം. ജനാധിപത്യത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയസംഘട്ടനങ്ങളും അണികൾക്കിടയിലുള്ള അപക്വത മൂലമുള്ള കായിക സംഘട്ടനങ്ങളും സ്വാഭാവികമാണ്. അതിന്റെ ഭാഗമായി ഇത് വിദ്യാർത്ഥി രാഷ്ട്രീയത്തിലും സംഭവിക്കുന്നു.

ഇതൊന്നുമല്ലാതെ വിദ്യാലയ രാഷ്ട്രീയത്തിനറുതി വരുത്തണമെന്നതിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അതുമായി ബന്ധപ്പെടുന്നവരുടെ പേര് ഏതാനും പത്രങ്ങളിൽ അടിച്ചു വരുമെന്നതിനപ്പുറം പ്രയോജനം ചെയ്യില്ല. രാഷ്ട്രീയം പഠിപ്പിക്കാൻ വേറെ സംവിധാനം വേണമെന്നാണ് മറ്റൊരും വാദം. ഇപ്പോൾതന്നെ രാഷ്ട്രീയമീമാംസ എന്ന പാ‍ഠ്യവിഷയം പ്രത്യേകമായി തന്നെയുണ്ടല്ലോ? പൊളിറ്റിക്സിൽ ബിരുദമെടുത്തു പുറത്തുവരുന്നവരെല്ലാം സമൂഹമദ്ധ്യത്തിലേക്കോ രാഷ്ട്രീയനേതൃത്വത്തിലേക്കോ ഉയരുകയല്ല. കാരണം അതൊരു താത്വികം മാത്രമാണ്. പ്രായോഗികമായി തന്നെ വിദ്യാർത്ഥികളെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതിലും സാമൂഹ്യ പ്രതിബദ്ധതയും നേതൃത്വവാസനയുള്ളവരുമായി അവരെ വളർത്തുന്നതിലും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് അനിഷേധ്യമാണ്. വിദ്യാലയങ്ങളിലെ തെരഞ്ഞെടുപ്പ് സമ്പ്രദായമാകട്ടെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തെ സംബന്ധിക്കുന്ന ബാലപാഠമാണ്.ഇതൊന്നും കാണാതെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് വിദ്യാർത്ഥികളെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റി അവരെ വെറും പുസ്തകപ്പഴുക്കളാക്കി മൂലയ്ക്കിരുത്താനുള്ള ശ്രമം രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള വർക്ക് ചേർന്നതല്ല.

ലോകചരിത്രത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. കൊറിയയിലും ഫ്രാൻസിലും ജർമ്മനിയിലും പ്രതിലോമകരങ്ങളായ വ്യവസ്ഥാപിത ശക്തികൾകെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി വിജയം നേടി. അടുത്തയിടെ ബംഗ്ലാദേശിൽ സംഭവിച്ചതും മറ്റൊന്നല്ല. ഫാസിസ്റ്റ് ഭരണം കൊടികുത്തിവാണ ബംഗ്ലാദേശിൽ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യം ഒന്നാകെ അണിനിരന്നു.

സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ത മായിരുന്നില്ല.സുരക്ഷാസമിതിയിലെ പല അംഗങ്ങളും കണ്ണുമടച്ച് ആരാധിക്കുന്ന മഹാത്മാഗാന്ധിയാണ് ആദ്യമായി വിദ്യാലയങ്ങൾ ഉപേക്ഷിച്ച് പുറത്തു വരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇതിനൊക്കെ പുറമെ ഇന്ത്യയിൽ ഇന്ന് 18 വയസുള്ളവർക്കും വോട്ടവകാശം ഉണ്ട്. രാഷ്ട്രീയാവബോധമില്ലാതെ വെറും സാങ്കേതിക വിദഗ്ധരാകാൻ മത്സരം നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്നവർ ഈ വോട്ടവകാശം എങ്ങനെ പ്രയോജനപ്പെടുത്തും ?

സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് വേണ്ടത്. കണ്ണുമടച്ച് രാഷ്ട്രീയ വിരോധം പ്രസംഗിക്കുന്നവർ രാജ്യപുരോഗതിക്ക് തുരങ്കം വെക്കുന്നവർ മാത്രമാണ്.