Thursday, August 21, 2014

എങ്ങോട്ടാണീ ലോകം?

എങ്ങോട്ടാണീ ലോകം?

പേരുകൊണ്ട് മതമേതെന്ന് തിരിച്ചറിയപ്പെട്ടാൽ ഭാവിയിൽ  ലോകത്ത് ആരും സുരക്ഷിതരായിരിക്കില്ല. മതമേതെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ പേരിടാതിരിക്കാനേ നിർവ്വഹമുള്ളൂ. കാരണം പേരിടാൻ കൊള്ളാവുന്ന വാക്കുകൾ പോലും ഭാവിയിൽ ഓരോരോ മതങ്ങൾ സ്വന്തമാക്കും.  ഇന്ത്യയിൽ കേരളത്തിനു പുറത്ത് മുസ്ലിം-ക്രൈസ്തവ നാമധാരികൾ അരക്ഷിതരാണെങ്കിൽ ലോകത്ത് പലയിടത്തും മുസ്ലിം  നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ ക്രൈസ്തവ നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ  ഹിന്ദു നാമധാരികൾ മാത്രവും  അരക്ഷിതരാകുന്നു. സ്വന്തം മതം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം എല്ലാ മതങ്ങളെയും ഭരിക്കുന്നു. കാരണം സ്വന്തം നില‌നില്പിൽ ഒരു മതങ്ങൾക്കും ആത്മ വിശ്വാസമില്ല.

ലോകത്ത് മതങ്ങൾക്കുള്ളിലെ ചേരിപ്പോരുകളാകട്ടെ അതിരൂക്ഷമാണ്. സ്വന്തം മതങ്ങൾക്കുള്ളിൽ തന്നെ  സൗഹാർദ്ദമില്ലെങ്കിൽ പിന്നെ എങ്ങനെ ഒരു രാജ്യത്തോ ലോകത്താകെയോ മത സൗഹാർദ്ദമുണ്ടാകും? ഏറ്റവും വലിയ തമാശ മതത്തിന്റെ പേരിൽ നടക്കുന്ന ഒരു അക്രമവും ഒരു കൊള്ളരുതായ്മയും മതത്തിന്റെ കുഴപ്പമല്ല എന്നതാണ്. ശരിയായ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് അന്ധമായി മതത്തിന്റെ പേരിൽ എന്തും ചെയ്യാൻ അനുയായികളെ കിട്ടുന്നു എന്നതാണ് സത്യം. മാറി വരുന്ന തലമുറകളെ പഠിപ്പിക്കുന്ന ധാർമ്മിക മൂല്യങ്ങളെ സദാ മതങ്ങളുമായി വിളക്കി ചേർക്കുന്നു എന്നതാണ് അന്ധമായ മതബോധത്തിന്  മറ്റൊരു കാരണം. ഈ ആധുനിക കാലത്തും  മതങ്ങളില്ലെങ്കിൽ ധാർമ്മികമൂല്യങ്ങളോ സദാചാര മൂല്യങ്ങളോ ഉണ്ടാകില്ലെന്ന മിഥ്യാ ധാരണകളാണ് ഇതിനു പിന്നിൽ.

ഈ ഭൂലോക അതിക്രമങ്ങളൊന്നുമില്ലെങ്കിൽ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ എത്ര ഊഷ്മളമാണ്. ആസ്വാദ്യകരമാണ്. ആശ്വാസകരമാണ്. പക്ഷെ ഇക്കണക്കിനു പോയാൽ സമാധാനത്തോടും സൗഹൃദത്തോടും ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും മതം, വിശ്വാസം, രാഷ്ട്രീയമെന്നൊക്കെ  കേൾക്കുമ്പോഴേ പേടിച്ച് വിറച്ച് നില വിളിക്കും. ലോകമാകെ രാഷ്ട്രീയവും മതവുമിപ്പോൾ വേർതിരിച്ചറിയാനാകാത്ത വിധം കൂടിക്കലർന്ന് കിടക്കുകയുമാ‌ണല്ലോ! ലോകത്ത് എല്ലവരും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചിന്തിച്ചാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മതമാകും ലോകം ഭരിക്കുക. മതങ്ങൾക്കുള്ളിൽ തന്നെ  തമ്മിലടിയുള്ളതിനാൽ ഏത് മതത്തിനാകും ഭാവിയിൽ ഭൂരിപക്ഷജനസംഖ്യ ഉണ്ടാകുക എന്ന് ഇപ്പോൾ പറയാനാകില്ല.

ഇപ്പോഴത്തെ ലോക നിലവാരം വച്ച് നോക്കുമ്പോൾ മതങ്ങൾ നന്നായാൽ, അഥവാ മതങ്ങൾ ഇല്ലാതായാൽ മാത്രമേ മനുഷ്യൻ നന്നാകൂ എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യം പറയട്ടെ പള്ളികൾ, ചർച്ചുകൾ,  അമ്പലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ  വേണം വേണ്ടാത്തതുപോലെ ഉയരുന്ന  സംഗീതത്തിനു പോലും പഴയൊരു മാധുര്യമില്ല. വിശ്വാസങ്ങളും പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഒരു വാശി പോലെയോ ആരെയോ പേടിപ്പിക്കാനെന്ന പോലെയോ ഒന്നുമല്ലെങ്കിൽ ആരെയോ എന്തോ ബോദ്ധ്യപ്പെടുത്താൻ എന്നതുപോലെയോ ഒക്കെ ആയിരിക്കുന്നു.

ഈ പോസ്റ്റ് ഒരു നിഷേധമോ നിന്ദയോ അല്ല. നിരാശകളിൽ നിന്നുമുയരുന്ന  ജല്പനങ്ങളാണ്. അല്ലെങ്കിൽ എന്തെങ്കിലുമാകട്ടെ. രാഷ്ട്രീയ നിരാശകളിൽ നിന്നുള്ള  ജല്പനങ്ങളടങ്ങുന്ന ഒരു പോസ്റ്റ് പിന്നാ‌‌ലെ വരുന്നുണ്ട്. അതും  ഏതാണ്ട് ഇതുപോലിരിക്കും.

3 comments:

Echmukutty said...

മതമെന്ന് പറയുമ്പോഴേ പേടിയായിത്തുടങ്ങി.. എന്‍റെം നിന്‍റേം അവരുടേം എന്ന് കേട്ട് മടുത്തു. നമ്മുടെ എന്നൊരു വാക്ക് കേള്‍ക്കാനില്ല ..

ഈ ജല്‍പ്പനങ്ങള്‍ ജല്‍പ്പനങ്ങളല്ല എന്നറിയുന്നതുകൊണ്ട് ... കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല.

ajith said...

അരക്ഷിതലോകം!

orkid said...

എല്ലാത്തിനും കാരണം ,മതം പറയുന്നതല്ല ചെയ്യുന്നത്.മതം ഉപയോഗിച്ച് ജീവിക്കുന്ന ചിലകുബുധികളുടെ കെണിയില്‍ വിശ്വാസികള്‍ കുടുങ്ങുന്നത് കൊണ്ടാണ്